രാജീവ് ബസിൽ നിന്ന് ഇറങ്ങി പൊടി നിറഞ്ഞ നടപ്പാതയിലേക്ക് കയറി….. വിരിഞ്ഞ് തുടങ്ങിയ മുല്ലപ്പൂവിന്റെ സുഗന്ധവും കായലുകളിൽ നിന്നുള്ള ഉപ്പുരസമുള്ള കാറ്റും കൂടിച്ചേർന്ന പരിചിതമായ മണ്ണിന്റെ ഗന്ധം അയാളെ പഴയ കാലത്തിലേക്ക് കൊണ്ടുപോയി. തെങ്ങുകൾ ചാഞ്ഞു നിന്ന് തണലേകുന്ന വളഞ്ഞുപുളഞ്ഞ വഴികളും, പച്ചപ്പു നിറഞ്ഞ നെൽപ്പാടങ്ങളും ഗതകാല സ്മരണകളിലേക്ക് അയാളെ മാടി വിളിച്ചു .
അങ്ങ് ദൂരെ തൻ്റെ പ്രിയപ്പെട്ട ഗ്രാമത്തിലെ മണൽ നിറഞ്ഞ വിശാലമായ മൈതാനമുള്ള ക്ഷേത്രത്തിന്റെ ആരൂഢം അയാൾക്ക് കാണാനായപ്പോൾ നൊസ്റ്റാൾജിയയുടെ ഒരു തിരമാല തന്നെ അയാളെ കീഴടക്കി..കടന്നുപോകുന്ന സമയങ്ങളെ അടയാളപ്പെടുത്തുന്നു എന്ന് തോന്നും വിധം ക്ഷേത്രമണികളുടെ പ്രതിധ്വനി അയാളുടെ കർണങ്ങളെ സ്പർശിച്ചു , രഹസ്യങ്ങളും സ്വപ്നങ്ങളും പങ്കിടാൻ കൂട്ടുകാരോടൊപ്പം ഒത്തുകൂടിയ ആൽമരത്തിന്റെ തണുത്ത തണൽ...കൂട്ടുകാരോടൊരുമിച്ചു സൊറപറഞ്ഞിരുന്ന നാളുകൾ ...അങ്ങനെ പലതും ...!!!
പഴമയും ലാളിത്യവും ഇഴുകി ചേർന്നതാണെങ്കിലും കാലം കഴിഞ്ഞിട്ടും ആ ക്ഷേത്രത്തിൻറെ ഗാംഭീര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു , കാലത്തിന്റെ കാവൽക്കാരനായി ആ നിർമിതി തലയെടുപ്പോടെ നിന്നു. രാജീവ് അതിന്റെ പ്രവേശന കവാടത്തിൽ എത്തി , മതിൽ കെട്ടിലെ കാലഹരണപ്പെട്ട കൊത്തുപണികളിൽ വിരലുകൾ കൊണ്ട് അയാൾ കാലത്തിന്റെ മുറിപ്പാടുകൾ തിരഞ്ഞു. വൈകുന്നേരത്തെ കാറ്റ് പൂജാദ്രവ്യങ്ങളുടെ സുഗന്ധം വഹിച്ചുകൊണ്ട് താളത്തിൽ ആടുന്ന ആലിലകളു മായി കൂടിച്ചേർന്നു.ശ്രീകോവിലിൽ നിന്നുയർന്ന പൂജാരിയുടെ മന്ത്രങ്ങൾ ആൽമരത്തിലെ പക്ഷികളുടെ ചിലയ്ക്കലുകളുമായി ഇഴചേരുന്നപോലെ അയാൾക്ക് തോന്നി .
ക്ഷേത്രത്തിലെ പഴയ വെളിച്ചപ്പാടിനെ കണ്ടത് അപ്പോഴാണ് ...നാണു ആശാൻ ... !!
കുട്ടിക്കാലത്തു വളരെ ഭയപ്പാടോടെയേ വേഷത്തിലല്ല എങ്കിലും അയാളെ രാജീവ് നോക്കി കണ്ടിരുന്നുളൂ...കൈയിൽ കൊടുവാളുമായി രൗദ്രം നിറഞ്ഞ ഭാവത്തോടെ ഉറഞ്ഞു തുള്ളുന്ന ആ മുഖം ഇപ്പോളും മനസ്സിൽ നിറഞ്ഞു നില്കുന്നു...പക്ഷെ അദ്ദേഹം ഇന്ന് വാർദ്ധക്യത്തിന്റെ അവശതകളിലേക്കു കടന്നിരിക്കുന്നു , നാണു ആശാൻ ക്ഷേത്രത്തിന്റെ കല്പടവുകളിൽ ഒന്നിൽ ഓരം ചേർന്ന് ഇരിക്കുകയായിരുന്നു...കണ്ണുകളിലെ ആ രൗദ്ര ഭാവവും തീഷ്ണതയും അസ്തമിച്ചു് ജീവിത സായാഹ്നത്തിന്റെ നിസ്സംഗത അയാളുടെ കണ്ണുകളിൽ തളം കെട്ടി നിന്നിരുന്നു.
“ആശാനേ ?” രാജീവ് പതുക്കെ വിളിച്ചു,
അതിശയവും ഉത്കണ്ഠയും കലർന്ന ഭാവത്തിൽ . നാണു ആശാൻ പതുക്കെ തല ഉയർത്തി നോക്കി , സന്ദർശകനെ തിരിച്ചറിയാൻ അയാളുടെ മങ്ങിയ കണ്ണുകൾ നന്നേ പാടുപെട്ടു
...ആരാ ? നാണു ആശാൻ ഇടറിയ ശബ്ദത്തിൽ ചോദിച്ചു.
“തെക്കേപാടത്തെ ഗംഗാധരന്റെ മകൻ..... രാജീവ്, ഓർമ്മയുണ്ടോ ?”, അയാൾ അല്പം ഉറക്കെ പറഞ്ഞു .... പ്രായം കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിൽ,എങ്കിലും ഊഷ്മളതയോടെ.നാണു ആശാൻ പറഞ്ഞു
“ആ..നീയോ ? , മനസിലായി ..”
രാജീവ് അയാളുടെ അരികിൽഇരുന്നു , അദ്ദേഹത്തിൻ്റെ മെലിഞ്ഞു ഉണങ്ങിയ കൈകൾ ചേർത്തു പിടിച്ചു. തൻ്റെ ഓർമച്ചെപ്പിൽ നിന്ന് ഭൂതകാലത്തെ നിറമാർന്ന ഏതാനും നിമിഷങ്ങൾ ചികഞ്ഞെടുത്തു , അഞ്ചു ദിവസം നീണ്ട് നിൽക്കുന്ന ഉത്സവ ആഘോഷങ്ങൾ .....വെളിച്ചപ്പാടായി നാണുവാശാന്റെ വേഷപ്പകർച്ചയും, അപ്പോൾ ആ മുഖത്ത് കൈ വരുന്ന തേജസും ..അങ്ങനെ പലതും...നാണു അശാൻ എല്ലാം ആവേശത്തോടെ കേട്ടിരുന്നു ...ഇടയ്ക്കിടയ്ക്ക് തനിക്കും ആ നഷ്ട്ടബോധം ഉണ്ട് എന്ന് തോന്നിക്കുമാറ് എന്റെ അഭിപ്രായങ്ങളോട് യോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടിരുന്നു .
നാണു ആശാനോട് യാത്ര പറഞ്ഞ് , രാജീവ് തന്റെ പഴയ സ്കൂളിലേക്ക് നടന്നു.
കൂട്ടുകാരോടൊപ്പം ക്രിക്കറ്റും കബഡിയും കളിച്ചുകൊണ്ടിരുന്ന വിശാലമായ മൈതാനം ഇപ്പോൾ ഉയർന്ന കോൺക്രീറ്റ് കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ഒരു ചെറിയ ഭൂമിയായി ചുരുങ്ങി. , പഴയ കളിമൺ ടൈലുകൾ പാകിയ..വായുസഞ്ചാരം ഏറെ ഉള്ള തുറന്ന ക്ലാസ് മുറികൾ ഇപ്പോൾ അടച്ചു പൂട്ടിയ ബഹു നില കോൺക്രീറ്റ് കെട്ടിടങ്ങൾ കയ്യടക്കിയിരിക്കുന്നു ...അയാളുടെ മനസ്സിൽ കഴിഞ്ഞ കാലത്തിന്റെ നഷ്ടബോധം ഒരു വിങ്ങലായി അലട്ടി...!
"കാലം മാറിയില്ലേ ," അയാൾ സ്വയം സമാധാനിക്കാൻ ശ്രെമിച്ചു .
വിരസതയോടെ അയാൾ സ്കൂളിനടുത്തുള്ള ആൽമരത്തിന്റെ ചുവട്ടിൽഇരുന്നു . നിലത്തു മുട്ടി നിൽക്കുന്ന ഉറച്ച വേരുകൾ താങ്ങി നിർത്തുന്ന വിശാലമായ ഹരിത മേലാപ്പു മായി മാറ്റമില്ലാതെ പഴയ പ്രൗഡി ഒട്ടും നഷ്ടപ്പെടാതെ കാലം സാക്ഷിയായി ഇന്നും ജീവിക്കുന്ന ആൽമരത്തിന്റെ തണൽ അയാൾക്ക് , വളരെ ആശ്വാസം നൽകി. അങ്ങ് അകലെ ചക്രവാളത്തിലേക്ക് നോക്കി വെളുത്ത പൂഴി മണലിൽ അയാൾ എന്തോ ഓർത്തു കോറി വരയ്ക്കാൻ ശ്രെമിച്ചു .
പെട്ടെന്ന്, അയാൾക്ക് പിന്നിൽ ഒരു ശബ്ദം കേട്ടു.
"രാജീവേ , നീ തിരിച്ചെത്തി??"
അത് അരുൺ ആയിരുന്നു, അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തുക്കളിൽ ഒരാൾ. വൈകുന്നേരത്തെ നിശബ്ദതയെ കീറിമുറിച്ചു അവരുടെ കൂടിക്കാഴ്ച . അവർ ഒരുമിച്ച്ഇരുന്ന് പോയകാല ഓർമകൾ അയവിറക്കി .ആകാശത്ത് ആദ്യത്തെ നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ, ആ സൗഹൃദ സംഭാഷണം പതിയെ നിശബ്ദതയിലേക്ക് വഴുതി വീണു, കൂടുതൽ ഒന്നും പറയാതെ ഇരുവരും വിദൂരതയിലേക്ക് നോക്കി ഇരുന്നു . ഇളം അന്തികാറ്റ് ഓലകളുടെ മർമ്മരവും കിളികളുടെ ചേക്കേറൽ കലഹങ്ങളും വഹിച്ചു വീശി അടിച്ചു..ആ ഗ്രാമം മാറിയെങ്കിലും, അതിന്റെ ആത്മാവ് മാറ്റമില്ലാതെ തുടരുന്നതായി അയാൾക്ക് തോന്നി.
അരുണിന്റെ കയ്യിൽ പതുക്കെ സ്പർശിച്ച ശേഷം യാത്ര പറയാൻ എന്ന മട്ടിൽ ഒന്നും മിണ്ടാതെ അയാൾ പതുക്കെ നടന്നു..തന്റെ ഹൃദയം വല്ലാതെ ഭാരമുള്ളതായി അയാൾക്ക് തോന്നി . അവസാനമായി ഒരു നോക്ക് കാണാൻ അയാൾ ക്ഷേത്ര കവാടത്തിലേക്ക് കണ്ണോടിച്ചു . അരണ്ട വെളിച്ചത്തെ ഭംഗിച്ചുകൊണ്ട് കടന്നു വന്ന നഗരത്തിലേക്കുള്ള ബസിൽ കയറുമ്പോൾ, അയാൾ തന്റെ ബാല്യത്തിന്റെ ഒരുപിടി ഹൃദ്യമായ ഓർമ്മകൾ കൂടെ കൊണ്ടുപോകുകയായിരുന്നു - .....ഇനി എന്നു വരും എന്നറിയാനാകാതെ അനിശ്ചിതത്തിൻ്റെ ദിനങ്ങളിലേക്കു ഒരു തിരുച്ചു പോക്ക് ...തൻ്റെ പരോൾ നാളെ കഴിയും...ശിഷ്ട ജീവിതം ജീവിച്ചു തീർക്കാൻ നഗരത്തിലെ കുപ്രസിദ്ധമായ കാരാഗൃഹത്തിലേക്ക്....ജീവിതം എന്ന തടവറക്കുമുപരി സമൂഹം സമ്മാനിച്ച ഏകാന്തമായ ആ ഇരുളറകളിലേക്ക് ….!!!!